മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മപെറ്റ മക്കളെ പോലെ; മുല്ലപ്പള്ളിയെ പാര്‍ട്ടിയ്ക്ക് ആവശ്യമുണ്ടെന്ന് കെ സുധാകരന്‍

മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മപെറ്റ മക്കളെ പോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് അകല്‍ച്ചയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടിക്ക് അടിത്തറ പണിത നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പള്ളിയുമായി ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായി എന്നത് സത്യമാണ് കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വന്നതില്‍ ദുഃഖമുണ്ട്. കാലത്തിന്റെ ഗതി അനുസരിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മുല്ലപ്പള്ളി മാറി. ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഇടതു സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുല്ലപ്പള്ളിയെ ആവശ്യമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

തിരുത്താന്‍ വൈകിയത് മനഃപൂര്‍വ്വം അല്ല. മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ച്ച ഉണ്ടായി. ഇതുപോലെ എല്ലാ നേതാക്കളെയും ഒപ്പം നിര്‍ത്തുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയുമായി കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.