വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ സുധാകരൻ കൂടുതൽ എന്തെങ്കിലും സംസാരിക്കുന്നതില്‍ നിന്ന് മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ പിന്തിരിപ്പിച്ചു.
20 മുനിട്ട് സുധാകരൻ വിഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിനോട് സതീശന്‍ എവിടെയെന്ന് സുധാകരന്‍ തിരക്കി, ‘ഒന്ന് വിളിച്ച് നോക്കാന്‍ പറ, ‘ഇയാളിത് എവിടെ പോയി കിടക്കുന്നു, ഇയാള്‍ എന്ത്…(അസഭ്യം) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’, സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്‍റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു.
വാര്‍ത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്‍റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. പത്രക്കാരോട് വരാൻ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിക്കുമ്പോള്‍ മൈക്കും ക്യാമറയും ഓണ്‍ ആണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സതീശൻ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്.
Read more
നേരത്തെ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ രണ്ടാമത് സംസാരിച്ചാൽ പ്രാധാന്യം കുറയുമോ എന്ന ചിന്തയിൽ മൈക്കിന് വേണ്ടിയായിരുന്നു ഇരുവരും തർക്കിച്ചത്.