പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍

കണ്ണൂരിലെ എന്‍എം വിജയന്റെ ആത്മഹത്യയില്‍ പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ടെന്നും ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വയനാട്ടിലേത് പാര്‍ട്ടി കാര്യമാണെന്നും എല്ലാം സംസാരിച്ചു ഒതുക്കിയതാണെന്നും സുധാകരന്‍ പറഞ്ഞു.

വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ പ്രതികരണം. ഇന്ന് കണ്ണൂരില്‍ എത്തിയതേ ഉള്ളൂ. വിജയന്റെ കത്ത് ഇനി വായിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍എം വിജയന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മൂത്ത മകന്‍ വിജിലന്‍സിന് മൊഴി നല്‍കി. കുടുംബം പ്രശ്‌നങ്ങളല്ല, സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും എന്നാല്‍ അച്ഛന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകന്‍ വിജിലന്‍സിനോട് പറഞ്ഞു.