മഞ്ചേശ്വരത്ത് ബി.എസ്.പി.യുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു.
പത്രിക പിൻവലിക്കാൻ നാമനിർദ്ദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ്. എന്നാൽ സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല സുന്ദരയെ കാണാനില്ലെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലിനു ശേഷം സുന്ദരയെ ഫോണിൽ കിട്ടുന്നില്ല എന്ന് ജനറൽ സെക്രട്ടറി ബി. വിജയകുമാർ അറിയിച്ചു.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ബി.ജെ.പി. പ്രവർത്തകർ നാമനിർദ്ദേശ പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ജനറൽ സെക്രട്ടറി ബി. വിജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷനിൽ പാർട്ടി പരാതി നൽകി.
എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
Read more
2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ട് ലഭിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 89 വോട്ടിനാണ് അന്നു തോറ്റത്. സുന്ദര നേടിയ വേട്ട് ഏറെ ചർച്ചയായിരുന്നു.