മുനമ്പം ജനതയെ ചതിച്ച് മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശ്രമിച്ചു; ക്രൈസ്തവ സമൂഹത്തെ ചതിച്ചു; ജുഡീഷ്യല്‍ കമ്മീഷനില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് ഉപാതിരഞ്ഞെടുപ്പിന് മുന്‍പ് മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം എന്ന് ബിജെപി അന്നേ പറഞ്ഞിരുന്നു.

ക്രൈസ്തവ സമൂഹത്തോട് വലിയ ചതിയാണ് സര്‍ക്കാര്‍ കാണിച്ചത്. പ്രതിപക്ഷം ഇതിനു കൂട്ടുനില്‍ക്കുകയായിരുന്നു. വഖഫ് വിഷയത്തില്‍ ഉറച്ച നിലപാട് എടുത്ത ഒരേ ഒരു പാര്‍ട്ടി ബിജെപി ആണ്. പാലായില്‍ കഴിഞ്ഞ ദിവസം ക്രൈസ്തവ ദേവാലയത്തിന് നേരെ അക്രമം നടന്നു. എന്നാല്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ പ്രതികരിച്ചില്ല. പിസി ജോര്‍ജിനെതിരെ കേസ് എടുത്ത സര്‍ക്കാര്‍ പള്ളി ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നില്ല. സര്‍ക്കാര്‍ ഒരു വിഭാഗത്തെ മാത്രമാണ് ന്യുനപക്ഷമായി കാണുന്നത്. ക്രൈസ്തവരെ അവഗണിക്കുന്ന നിലപാടാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആശ വര്‍ക്കര്‍മാര്‍ 40 ദിവസമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ അവഗണന തുടരുകയാണ്. സമരം പൊളിക്കാന്‍ ട്രെയിനിങ് വെച്ച് സര്‍ക്കാര്‍ ആശമാരെ ദ്രോഹിക്കുകയാണ്. കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപെടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. എല്ലാ കേന്ദ്ര പദ്ധതികളും അവതാളത്തിലാണ്. സംസ്ഥാനത്തിനു സ്വന്തമായി ഒരു പദ്ധതി പോലുമില്ല. കേന്ദ്ര സഹായം കൊണ്ട് മാത്രമാണ് സംസ്ഥാനത്തു ട്രെഷറി ബാന്‍ ഇല്ലാതെ പോകുന്നത്. ഇത്രയും ജനവിരുദ്ധമായ ഒരു സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല.

സംസ്ഥാനത്തു ഭയാനകമായ സാഹചര്യമാണുള്ളത്. കോളേജുകളില്‍ എസ്എഫ്‌ഐ റാഗിംഗ് ഭീകരതയും ലഹരി മാഫിയയും കൊണ്ട് വിദ്യാര്‍ത്ഥികള്‍ പൊറുതിമുട്ടുകയാണ്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലഹരിയുടെ ഉറവിടമാവുകയാണ്. എല്ലാത്തിനും പിന്നില്‍ എസ്എഫ്‌ഐ ആണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.