മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ ന്യൂനപക്ഷത്തെ മാത്രമല്ല ഭൂരിപക്ഷത്തെയും ഒപ്പം നിര്‍ത്തണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നെറ്റിയിലെ കുറി മായ്ച്ചതിനെ പരിഹസിച്ചു കൊണ്ടാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസ്സിന്റെ ചെപ്പടിവിദ്യകളില്‍ വീഴാന്‍ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികള്‍ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കില്‍ തകരാറ് അദ്ദേഹത്തിന് തന്നെയാണ് എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്.
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
എന്റെ പ്രിയ സുഹൃത്ത് ശ്രീ ഉണ്ണിത്താനെ വിദ്യാര്‍ത്ഥികാലം മുതല്‍ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാര്‍ത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രില്‍ മുതല്‍ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനു വേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചു നോക്കുന്നത് നല്ലതല്ലേ.
കാസര്‍ഗോഡ് മല്‍സരിക്കാന്‍ വരുന്നതിനു മുമ്പ് എന്റെ മറ്റൊരു സുഹൃത്തായ കോണ്‍ഗ്രസ്സ് മുന്‍ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് ബഹുമാന്യനായ ശ്രീ. എ. കെ. ആന്റണിയുടെ ബധിരവിലാപം ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോണ്‍ഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്.
അതില്‍ ആന്റണിക്കുള്ള പങ്ക് ചെറുതല്ലതാനും. ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസ്സിന്റെ ചെപ്പടിവിദ്യകളില്‍ വീഴാന്‍ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികള്‍ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കില്‍ തകരാറ് അദ്ദേഹത്തിനു മാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്ക് വേറൊരു നിവൃത്തിയുമില്ല.