'യു.എ.പി.എ പിന്‍വലിക്കാനാണ് തീരുമാനമെങ്കില്‍ എന്‍.ഐ.എ വെറുതെ ഇരിക്കില്ല'; കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ യു.എ.പി.എ ചുമത്തിയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ കൂട്ടുകെട്ട് ശ്രമിക്കുകയാണ്. അറസ്റ്റിലായവര്‍ക്ക് അന്തര്‍സംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ടെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളിലാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്‌ഐആറില്‍ ഉണ്ട്. സിപിഎം ഭരിക്കുന്ന കേരളത്തിലെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ആരോപണങ്ങള്‍ ഗൗരവമാണെന്ന് പറയുമ്പോള്‍ പറയുന്നവര്‍ തന്നെ പ്രതികളുടെ വീട്ടില്‍ പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ആദ്യം നിയമപരിരക്ഷ ഇല്ല എന്ന് പറഞ്ഞവര്‍ പിന്നെ പാര്‍ട്ടി വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കുന്നു. യു.എ.പി.എ കേസുകളില്‍ നിരപരാധിത്വം പ്രഖ്യാപിക്കാന്‍ മന്ത്രിമാര്‍ക്ക് ആരാണ് അവകാശം നല്‍കിയതെന്നും നാളെ ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ എന്ത് മറുപടി പറയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Read more

കേരള പൊലീസ് എങ്ങനെ ഇടപെടുന്ന എന്ന കാര്യം നോക്കിയ ശേഷം എന്‍.ഐ.എ ഇടപെടണോ എന്ന കാര്യം പരിശോധിക്കണം. മൂന്ന് രാജ്യദ്രോഹ കേസുകളിലെ പ്രതികളെ കേരള പൊലീസ് വെറുതെ വിട്ടിട്ടുണ്ട്. യു.എ.പി.എ പിന്‍വലിക്കാനാണ് തീരുമാനമെങ്കില്‍ എന്‍.ഐ.എ ഇവിടെ വെറുതെ ഇരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.