ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഔദ്യോഗികമായി ബിജെപിയെ യോഗത്തിന് ക്ഷണിച്ചട്ടില്ല. അവരുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. തങ്ങള്‍ സമാധാനത്തിന് എതിരല്ലെന്നും, കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സൗകര്യപ്രദമായ സമയത്ത് യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സര്‍വകക്ഷി യോഗം ചേരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അഞ്ച് മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്. ഇന്ന് യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലീസും സംസ്ഥാന സര്‍ക്കാരും അനാദരവ് കാണിച്ചു എന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചത്.
രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം മനഃപൂര്‍വം വൈകിച്ചതാണന്നും ബിജെപി കുറ്റപ്പെടുത്തി. ഇന്നലെ തന്നെ പോസ്റ്റമോര്‍ട്ടം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൃതദേഹത്തിന്റെ കോവിഡ് പരിശോധനാഫലം വൈകിയാണ് ലഭിച്ചത്. ഇത് മൂലം പോസ്റ്റുമോര്‍ട്ടം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. മുഖത്തുള്‍പ്പെടെ ഒരുപാട് മുറിവുകള്‍ ഉള്ളതിനാല്‍ ഇന്‍ക്വസ്റ്റ് നീണ്ടതും പോസ്റ്റമോര്‍ട്ടം വൈകാന്‍ കാരണമായി. എന്നാല്‍ ഇതെല്ലാം മനഃപൂര്‍വം വൈകിപ്പിച്ചതാണെന്നാണ് ബിജെപിയുടെ ആരോപണം.
അഭിഭാഷകനായതിനാല്‍ രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജില്ലാ കോടതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അതിന് ശേഷം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം വലിയഴീക്കലിലെ കുടുംബ വീട്ടിലാണ് സംസ്‌കാരം നടത്തുക.
Read more
അതേസമയം ഇന്ന് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്നും തുടരും. ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചട്ടുണ്ട്. പൊലീസ് പട്രോളിംഗ് ശക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് പിക്കറ്റും തുടരും.