പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിന്റെ മറ്റ് ഇരകളോടും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലുമാണ്. ചര്‍ച്ച പോലും നടത്താതെ കേരള നിയമസഭയില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കുന്നവരാണ് വിഡി സതീശന്റെ പാര്‍ട്ടിക്കാര്‍. കോണ്‍ഗ്രസിന്റെ നിലപാട് പ്രതിലോമകരവും നിരാശജനകവുമാണെന്ന മുനമ്പം സമരസമിതിയുടെ നിലപാട് വിഡി സതീശന്റെ മുഖത്തേറ്റ പ്രഹരമാണ്. കോണ്‍ഗ്രസില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്ന് മുനമ്പത്തുകാര്‍ സതീശന് കത്തയച്ചതിലൂടെ കബളിപ്പിക്കല്‍ നാടകം പൊളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ സമരക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് ഒരു അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. ഇവരില്‍ നിന്നും മുനമ്പം നിവാസികള്‍ക്ക് നീതി കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇടത് – വലത് മുന്നണികള്‍ക്ക് എതിരായി ഉയര്‍ന്നു വരുന്ന ജനവികാരത്തെ തണുപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ചേര്‍ന്ന് നടത്തുന്ന നാടകമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുവാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.