കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടായി മാറി; ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യം; ലഹരി മാഫിയക്ക് പിന്നില്‍ ഭീകരവാദ സംഘടനകളെന്ന് കെ സുരേന്ദ്രന്‍

കേരളത്തില്‍ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് സിനിമകളെ നാണിപ്പിക്കുന്ന വിധത്തിലുള്ള അക്രമ സംഭവങ്ങളാണ് നടക്കുന്നത്. വെഞ്ഞാറമൂടിലെ അരും കൊലകള്‍ക്ക് പിന്നിലെ കൊലയാളിക്ക് പരിശീലനം ലഭിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എല്‍പി – യുപി സ്‌കൂളുകളില്‍ പോലും ലഹരിവസ്തുക്കള്‍ എത്തിക്കുന്ന മാഫിയ കേരളത്തില്‍ സജീവമാകുകയാണ്. കേരളത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും മുന്നിലും മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. ലഹരി മാഫിയക്ക് പിന്നില്‍ ഭീകരവാദ സംഘടനകള്‍ ഉണ്ടെന്ന് ഉറപ്പാണ്. പിഎഫ്‌ഐ നിശോധനത്തിന് ശേഷം സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണ്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം എവിടെയാണെന്നോ ആരാണിവര്‍ക്ക് ഫണ്ട് ചെയ്യുന്നതെന്നോ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

അധോലോക സംഘങ്ങളും രാജ്യദ്രോഹ ശക്തികളും കേരളത്തില്‍ പത്തിവിടര്‍ത്തിയാടുകയാണ്. ഇതിനെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്. പിണറായി വിജയനും സംഘവും നാടിനെ ഒറ്റുകൊടുക്കുകയാണ്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരായ ചിലര്‍ക്ക് ഈ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മയക്കുമരുന്ന് കേസിലെ പ്രതികളെ പറ്റി മനസ്സിലായാല്‍ ഇത് ബോധ്യമാകും. ലഹരി മാഫിയയെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ബിജെപിയുടെ തീരുമാനം. മാര്‍ച്ച് 8 വനിതാദിനത്തില്‍ അതിനുള്ള ക്യാമ്പയിനിംഗിന് പാര്‍ട്ടി തുടക്കം കുറിക്കും. പിസി ജോര്‍ജിന്റെ പിറകെ നടക്കാതെ സര്‍ക്കാര്‍ സംസ്ഥാനത്തെ വിധ്വംസക ശക്തികളെ നിലയ്ക്കു നിര്‍ത്തുകയാണ് വേണ്ടതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.