കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം; പിഴവ് മനുഷ്യസഹജം, കെ സുധാകരനോട് സഹാനുഭൂതി തോന്നുവെന്ന് കെ സുരേന്ദ്രൻ

സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതിനിടെ തെറ്റുപറ്റിയ കെപി സിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണ്. ഇതിന്റെ പേരിൽ ട്രോളുന്നത് മനുഷ്യത്വരഹിതമാണ്. മാധ്യമങ്ങൾ അത് സംപ്രേഷണം ചെയ്യരുതായിരുന്നു. എന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

അതിനേക്കാൾ വലിയ ക്രൂരത സുധാകരനോട് കാണിച്ചത് വി.ഡി.സതീശനാണ്. ഇതെല്ലാം കാണുമ്പോൾ സുധാകരനോട് സഹാനുഭൂതിയാണ് തോന്നുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫെസ്യ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;


കെ. സുധാകരൻ 78 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഒരു തരിമ്പുപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഈ അടുത്ത കാലത്തായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയാത്തവരല്ല മാധ്യമപ്രവർത്തകരാരും. വിഖ്യാത ചലച്ചിത്രകാരൻ കെ. ജി. ജോർജ്ജിന്റെ മരണത്തിൽ അനുശോചനം തേടി ഒരുപറ്റം ദൃശ്യമാധ്യമപ്രവർത്തകർ അദ്ദേഹത്തെ തേടിയെത്തി. ആരാണ് മരണപ്പെട്ടതെന്നുപോലും അറിയാതെ അദ്ദേഹത്തിനറിയാവുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് മരണപ്പെട്ടതെന്ന ബോധ്യത്തിൽ ചിലതു പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണ്. പിശകു മനസ്സിലാക്കിയ മാധ്യമപ്രവർത്തകർ അപ്പോൾ തന്നെ അഭിമുഖം കട്ടുചെയ്ത് ഈ ദുരന്തസാഹചര്യം ഒഴിവാക്കണമായിരുന്നു. അതുണ്ടായില്ലെന്നത് അങ്ങേയറ്റം നെറികേടായിപ്പോയി.

മനുഷ്യസഹജമായ ഒരു പിഴവിനെ സൈബർ കഴുകന്മാർക്ക് വേട്ടയാടാനായി പലയാവർത്തി പ്രദർശിപ്പിച്ച മാധ്യമപ്രവൃത്തി ഒരു തരത്തിലും യോജിക്കാനാവുന്നതല്ല. അല്ലെങ്കിൽ തന്നെ എന്തിനു മാധ്യമങ്ങളെ പഴിക്കണം അതിനേക്കാൾ വലിയ ക്രൂരതയാണല്ലോ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സുധാകരനോട് കാണിച്ചത് അതും വലിയ വിജയം സമ്മാനിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു ഫലം വന്ന ഉടനെത്തന്നെ. മനുഷ്യത്വമാണ് ഏതൊരു പൊതുപ്രവർത്തകനുമുണ്ടാവേണ്ട പ്രാഥമികനീതി. സുധാകരനോട് സത്യത്തിൽ സഹാനുഭൂതി മാത്രമാണ് ഇതെല്ലാം കാണുന്ന ഏതൊരാൾക്കും തോന്നുന്നത്. കടുത്ത രാഷ്ട്രീയ എതിരാളിയായ ഈയുള്ളവനുപോലും. ”

Read more

അതേ സമയം ആളുമാറി അനുശോചനം നടത്തിയതിൽ കെ സുധാകരൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കെ ജി ജോര്‍ജ് ആണ് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് മനസിലായിരുന്നില്ല. സമാനപേരിലുളള പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്. സംഭവത്തില്‍ കെജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ മനോവിഷമത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.