കോൺഗ്രസ്- ലീഗ് പാർട്ടികൾ കേന്ദ്രത്തോടും , ബിജെപിയോടും എടുക്കുന്ന സമീപനത്തെ വിമർശിച്ച് കെ ടി ജലീൽ. കോൺഗ്രസ്- ലീഗ് നേതാക്കളുടെ പ്രതികരണങ്ങളിൽ സംഘികളെ രൂക്ഷമായി വിമർശിക്കുന്നത് കാണാനാകില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ അവിഹിത സമ്പാദ്യം നിഷ്പ്രയാസം കണ്ടെത്താനാകുമെന്ന ഭയമാണോ അവരെ അലോസരപ്പെടുത്തുന്നതെന്നും ജലീൽ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം .
കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപി, എ.ആര്‍ നഗറില്‍ നിന്ന് മലപ്പുറത്തേക്ക് എന്തേ കാല്‍നടജാഥ സംഘടിപ്പിക്കാത്തതെന്നും ജലീല്‍ ചോദിച്ചു. കരുവന്നൂരില്‍ കെട്ടിത്തിരിയുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് എ.ആര്‍ നഗറിലേക്കുള്ള വഴി എന്തുകൊണ്ടാണ് തിരിയാത്തത്? ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനും എതിരെയുള്ള ലീഗ് നേതാക്കളുടെയും സൈബര്‍ പോരാളികളുടെയും ഉറഞ്ഞുതുള്ളല്‍ കണ്ട് സഹിക്കാത്തത് കൊണ്ടാണ് ഇക്കാര്യം ചോദിക്കേണ്ടി വന്നതെന്ന് ജലീല്‍ പറഞ്ഞു.
”
കെടി ജലീലിന്റെ കുറിപ്പ്:
കരുവന്നൂരില്‍ കെട്ടിത്തിരിയുന്നവര്‍ക്ക് എ.ആര്‍ നഗറിലേക്കുള്ള വഴി അറിയാത്തത് എന്തുകൊണ്ട്?!
പൊതുപ്രവര്‍ത്തനം സാമ്പത്തിക തട്ടിപ്പ് നടത്തി കീശ വീര്‍പ്പിക്കാനുള്ളതല്ല. ഒരു പണിയുമെടുക്കാതെ സുഖലോലുപ ജീവിതം നയിക്കാനുള്ളതും അല്ല. വരവില്‍ കവിഞ്ഞ സ്വത്ത് ആരില്‍ കണ്ടാലും കണ്ട് കെട്ടണം. അതില്‍ രാഷ്ട്രീയ പക്ഷപാതിത്തം ഒരു ഏജന്‍സിയും കാണിക്കരുത്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ സുഖിച്ച് മദിച്ച് നടക്കുകയാണ്. ഒരു വേലയും കൂലിയുമില്ലാത്തവര്‍ പോലും ആഢംബര ജീവിതം നയിക്കുന്നത് ആകാശത്ത് നിന്ന് ആരെങ്കിലും പണം കെട്ടിയിറക്കി കൊടുക്കുന്നത് കൊണ്ടല്ലല്ലോ? അതല്ല, അവര്‍ക്ക് നോട്ട് അച്ചടിക്കുന്ന കമ്പനിയിലാണോ ജോലി? കേരളത്തിലെ കോണ്‍ഗ്രസ്സിലെയും ലീഗിലെയും പ്രമുഖ നേതാക്കളാരും കേന്ദ്ര സര്‍ക്കാരിനെയോ ബി.ജെ.പിയേയോ രൂക്ഷമായി എതിര്‍ത്ത് ഒരക്ഷരം ഉരിയാടുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? സംഘ്പരിവാരങ്ങള്‍ നടത്തുന്ന മുസ്ലിം-കൃസ്ത്യന്‍ വിരുദ്ധ വേട്ടകളെ എന്താണവര്‍ പരുഷ ഭാഷയില്‍ തുറന്നെതിര്‍ക്കാത്തത്? മടിയില്‍ കനമുള്ളത് കൊണ്ടുതന്നെയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ അവിഹിത സമ്പാദ്യം നിഷ്പ്രയാസം കണ്ടെത്താനാകുമെന്ന ഭയമാണോ അവരെ അലോസരപ്പെടുത്തുന്നത്? കത്വ-ഉന്നാവോ ഫണ്ട് മുക്കിയ കേസ് ഇ.ഡിയില്‍ ഉള്ളപ്പോള്‍ ലീഗോ യൂത്ത്‌ലീഗോ കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കുമെന്ന് വിശ്വസിക്കുന്നതല്ലേ വങ്കത്തം?
സംസ്ഥാനത്തെ കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രസംഗങ്ങളും എഫ്.ബി പോസ്റ്റുകളും എടുത്ത് നോക്കൂ. രൂക്ഷമായി സംഘികളെ വിമര്‍ശിക്കുന്ന ഒന്നുപോലും കാണാനാവില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള ലീഗ്-കോണ്‍ഗ്രസ് എം.പിമാരുടെ പ്രസംഗക്കള്‍ ശ്രദ്ധിച്ച് നോക്കൂ. അവര്‍ ഒരുതരം മോദീ ഭക്തരായി മാറിയിരിക്കുന്നു. അവര്‍ക്ക് കേന്ദ്രമന്ത്രി മുരളീധരന്‍ ഡല്‍ഹിയിലെ ‘കേരളത്തിന്റെ അംബാസഡറാണ്’. ഏതാനും പുഴുക്കുത്തുകളുടെ പേരില്‍ സഹകരണ പ്രസ്ഥാനം മുഴുവന്‍ തകര്‍ക്കാനല്ല കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കേണ്ടത്. ആ പുഴുക്കുത്ത് കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാനും അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടാനുമാണ്. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപി, എ.ആര്‍ നഗറില്‍ നിന്ന് മലപ്പുറത്തേക്ക് എന്തേ ഒരു കാല്‍നടജാഥ സംഘടിപ്പിക്കാത്തത്? ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങള്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിയുന്ന നാടാണ് കേരളം. അതില്‍ ഏറ്റവുമധികം സി.പി.ഐ (എം) നിയന്ത്രണത്തിലുള്ളവയാണ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിയന്ത്രണങ്ങളിലുള്ളവയും കുറവല്ല. കരുവന്നൂരും എ.ആര്‍ നഗറും തെന്നലയും ചൂണ്ടിക്കാട്ടി എല്ലാം അങ്ങിനെയാണെന്ന് വരുത്തിത്തീര്‍ത്ത് സഹകരണ മേഖലയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ്. മഹത്തായ സഹകരണ പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടലാണത്.
പെരുംകൊള്ളക്കാരെ വെറുതെ വിടരുത്. അവരെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടണം. ഫലപ്രദമായ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തന്നെ നടത്തുമ്പോള്‍ അതില്‍ ഇടംകോലിടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് കുറ്റവാളികളെ രക്ഷപ്പെടാനാണ് സഹായിക്കുക. കരുവന്നൂരില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളുടെ വിശദ വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ്. കയ്യും മനസ്സും ശുദ്ധമാണെങ്കില്‍ ഒരു തമ്പുരാനെയും കൂസാതെ നമുക്ക് മുന്നോട്ടു പോകാം. അന്വേഷണ ഏജന്‍സികളുടെ മുന്നിലേക്ക് അവനവന്റെ സ്വത്തുവഹകളുടെ പട്ടികയും ബാങ്ക് അക്കൗണ്ടുകളിലെ ക്രയവിക്രയ വിവരങ്ങളും വലിച്ചെറിഞ്ഞ് കൊടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ ഒരാളുടെയും രോമത്തില്‍ തൊടാന്‍ ആര്‍ക്കും കഴിയില്ല. സഖാക്കള്‍ക്ക് അതിനുള്ള നെഞ്ചുറപ്പുണ്ട്. സഖാവ് എ.സി മൊയ്തീന്റെയും സഖാവ് കണ്ണന്റെയും പതറാത്ത വാക്കുകള്‍ അതിന്റെ തെളിവാണ്. ഇ.ഡിയും വാര്‍ത്താമാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധത കൈമുതലാക്കി നടത്തുന്ന തീര്‍ത്തും തെറ്റായ പ്രചാരവേലകള്‍ കേരളത്തില്‍ വിലപ്പോവില്ല.
കരുവന്നൂരില്‍ കെട്ടിത്തിരിയുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് എ.ആര്‍ നഗറിലേക്കുള്ള വഴി എന്തുകൊണ്ടാണ് തിരിയാത്തത്? ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനും എതിരെയുള്ള ലീഗ് നേതാക്കളുടെയും അവരുടെ സൈബര്‍ പോരാളികളുടെയും ഉറഞ്ഞുതുള്ളല്‍ കണ്ട് സഹിക്കാത്തത് കൊണ്ടാണ് ഇക്കാര്യം ചോദിക്കേണ്ടിവന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് രാഷ്ട്രീയ എതിര്‍പ്പാകാം. എന്നാല്‍ അത് അന്ധമായ മതവിരോധമാക്കി മാറ്റാന്‍ നോക്കുന്ന ലീഗ് തീകൊള്ളികൊണ്ട് തല ചൊറിയുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുസ്ലിം വിരുദ്ധ പക്ഷത്ത് നിര്‍ത്തിയിട്ട് എന്ത് നേട്ടമാണ് അവര്‍ സമുദായത്തിന് ഉണ്ടാക്കാന്‍ പോകുന്നത്? സഖാക്കളുടെ പുറത്ത് ഇസ്ലാം വിരുദ്ധ ചാപ്പ കുത്തി ഏത് ആലയിലേക്കാണ് ലീഗും ലീഗിന് ഓശാന പാടുന്നവരും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കൊണ്ടുപോകുന്നത്? ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും! വെള്ളം കുടിക്കണം! വെള്ളം കുടിച്ചേ പറ്റൂ! അത് കരുവന്നൂരിലായാലും എ.ആര്‍ നഗറിലായാലും തെന്നലയിലായാലും. ഒരു കുറ്റവാളിയേയും ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല. സാധാരണക്കാരന്റെ സാമ്പത്തിക വിനിമയത്തിന്റെ ജീവവായുവായ സഹകരണ പ്രസ്ഥാനം നീണാല്‍വാഴട്ടെ. അതിലെ പുഴുക്കുത്തുകള്‍ നേര്‍വഴിക്ക് നടത്തപ്പെടട്ടെ. സത്യമേവ ജയതേ! “