കേരള സർക്കാരിന്റെ വിദേശ സഹകരണ സെക്രട്ടറി ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടൽ. അധികാരപരിധിക്ക് അതീതമായ കാര്യങ്ങളിൽ കേരളം കൈകടത്തരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ 15നാണ് വാസുകിയെ നിയമിച്ച് കേരളം ഉത്തരവിറക്കിയത്.
വാസുകിയുടെ നിയമനം വിവാദമായതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്ന നിർദ്ദേശവും കേന്ദ്ര സർക്കാർ കേരളത്തിന് നൽകി. വിദേശകാര്യം കേന്ദ്ര സർക്കാരിൻ്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്തമാക്കി. വാസുകിയുടെ നിയമനത്തിൽ ശക്തമായ വിമർശനമാണ് കേന്ദ്രം ഉന്നയിച്ചത്.
#WATCH | On Kerala Govt appointing Secretary for External Cooperation, MEA Spokesperson Randhir Jaiswal says, “…The Constitution of India under the 7th Schedule list 1- Union list, item 10, clearly specifies that foreign affairs and all matters which bring the Union into… pic.twitter.com/JUJUrCNkm0
— ANI (@ANI) July 25, 2024
വിവിധ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങൾ പുതിയതല്ല. കഴിഞ്ഞ പത്ത് വർഷമായി, ബിജെപി ഇതര ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും തമ്മിൽ നിരന്തരമായ തർക്കങ്ങൾ നടന്നിട്ടുണ്ട്. ഇതിനിടയിലാണിപ്പോൾ കേരള സർക്കാർ നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയുമായുള്ള വിവാദം ഉയർന്നിരിക്കുന്നത്.
കെ വാസുകിക്ക് വിദേശസഹകരണത്തിൻറെ ചുമതല കൂടി കേരളം നൽകിയത് നേരത്തെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വകുപ്പിൻ്റെ സെക്രട്ടറിയായി വാസുകി പ്രവർത്തിക്കുമെന്നായിരുന്നു നിയമന ഉത്തരവിൽ പറഞ്ഞിരുന്നത്. അതിനിടെ വിഷയത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും കേരള സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം വിഷയത്തിൽ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രതികരണവുമായി രംഗത്തെത്തി. വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു വിശദീകരിച്ചു. സംസ്‌ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ചുമതലയെന്നും താൻ കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും ചീഫ് സെക്രട്ടറി വ്യക്‌തമാക്കിയിരുന്നു.