'സി. എം രവീന്ദ്രന്‍ സത്യസന്ധനും മാന്യനുമാണ്'; ബോധപൂർവ്വം മാറി നിൽക്കില്ലെന്ന് കടകംപള്ളി

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ സത്യസന്ധനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രവീന്ദ്രനെ സുഖമില്ലാത്തതു കൊണ്ട് തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

രവീന്ദ്രൻ ബോധപൂർവ്വം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു. സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും കടകംപള്ളി പറഞ്ഞു. സ്വപ്നയുടെ മൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ മന്ത്രി കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്നും കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കെ സി.എം. രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആദ്യം കോവിഡിനും പിന്നീട് കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്കുമായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. ഈ രണ്ടുഘട്ടങ്ങളിലും അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

ദേഹാസ്വാസ്ഥ്യവും തലവേദനയും ക്ഷീണവും ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച മെഡിക്കൽ കോളജിൽ എത്തിയ അദ്ദേഹത്തിന് കിടത്തിച്ചികിത്സ നിർദേശിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നു