മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയെന്ന് കടകംപള്ളി സുരേന്ദ്രൻ. ജനങ്ങളുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. ക്യാപ്റ്റൻ എന്നാൽ നായകൻ എന്നാണ്. ഇന്ന് അദ്ദേഹം ജനനായകൻ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിക്കുന്നതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയെ ഇന്ന് അമ്മമാർ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്. കപ്പലിന്‍റെ കപ്പിത്താനെ പോലെ ആണ് പിണറായി വിജയൻ നാട് നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ആദ്യാവസാനം സജീവമായിരുന്ന രാഹുൽ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ല. രാഹുൽ ഉന്നയിച്ച വിമര്‍ശനങ്ങൾക്ക് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും കടകംപള്ളി പറഞ്ഞു.
Read more
മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ രംഗത്തെത്തിയതോടെയാണ് വിവാദമായത്. പാർട്ടിയാണ് ക്യാപ്റ്റനെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്യാപ്റ്റൻ വിശേഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. പിന്നീട് നിലപാട് മയപ്പെടുത്തി പി. ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു.