തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകത്തിന്റെ രീതി പരിശോധിക്കുമ്പോള്‍ ആസൂത്രിതമായ കൊലപാതകമായിട്ടാണ് കാണാന്‍ കഴിയുന്നത്. ഈ സംഭവം നടന്ന തേമ്പാമൂട് പ്രദേശം കോണ്‍ഗ്രസിന്റെ അക്രമികള്‍ താവളമടിക്കുന്ന, ഗുണ്ടാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകളുടെ കേന്ദ്രമാണ്.
“ഇവിടത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും അടുത്തകാലത്തായി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നു. അന്നുമുതല്‍ ആരംഭിച്ചതാണ് ചെറിയ തോതില്‍ സംഘര്‍ഷം. കഴിഞ്ഞ പെരുന്നാളിന്റെ സമയത്ത് അത് അക്രമത്തിലേക്ക് കടന്നു. ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ ഈ ഓണം തുടങ്ങുന്ന ദിവസം തന്നെ കരുതിക്കൂട്ടി പൈശാചികമായി ആക്രമണം നടത്തുകയായിരുന്നു.
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വം അറിയാതെ ഇത്തരമൊരു സംഭവം നടക്കില്ല. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഏതെങ്കിലും സംഘര്‍ഷം നേരത്തെ നടന്നിട്ടാണോ ഇതെല്ലാം സംഭവിച്ചത്. രണ്ട് കുടുംബം അനാഥമാക്കപ്പെട്ടു”, കടകംപള്ളി പറഞ്ഞു
സംസ്ഥാനത്ത് അക്രമപരമ്പരകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കൊലപാതകമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു