കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല.

അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കാന്‍ രണ്ടാഴ്ച മുന്നേ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പൊലീസത് ഹാജരാക്കിയില്ല. കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ചേരുമ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്നാണ് കോടതി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് ഇന്ന് കോടതിയില്‍ പറഞ്ഞത്. റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയവും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.