കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്. ഷട്ടര്‍ മൂന്ന് അടി ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ വെള്ളം പുറത്ത് വിടാന്‍ കെഎസ്ഇബി സേഫ്റ്റി ഡിവിഷന്‍ വയനാട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കിയിരുന്നു. സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വരെ ജലം തുറന്നുവിടാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
നിലവില്‍ കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. നിലവില്‍ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.