ഇന്നസെന്റിന് വിട ചൊല്ലാനൊരുങ്ങി കലാകേരളം; സംസ്‌കാരം ഇന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍

അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.

ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ചലച്ചിത്രലോകം ഒന്നടങ്കം എത്തി.

Read more

ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണ കാരണം.