കളമശേരി ബസ് കത്തിക്കല്‍ കേസ്; മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും ഒരാള്‍ക്ക് ആറ് വര്‍ഷം തടവും പിഴയുമാണ് വിധിച്ചത്. കൊച്ചി എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് ഏഴ് വര്‍ഷം തടവ്. താജുദ്ദീന് 6 വര്‍ഷമാണ് തടവ് വിധിച്ചത്.

റിമാന്‍ഡ് കാലാവധിയും ശിക്ഷാ കാലാവധിയായി പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിസ്താരം പൂര്‍ത്തിയാക്കാതെയാണ് ശിക്ഷ വിധിച്ചത്. 2005 സെപ്റ്റംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് രാത്രി 9.30ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. ശേഷം യാത്രക്കാരെ ഇറക്കിവിട്ട് ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. 2010 ലാണ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകുന്നതിന് മുമ്പ് തന്നെ തടിയന്റവിട നസീര്‍ അടക്കമുളള മൂന്ന് പ്രതികള്‍ തങ്ങള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു.

Read more

ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറ് വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.