കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. ബോംബ് ആക്രമണം നടത്തിയത് എസ്ഡിപിഐ ആണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഫേസ്ബുക്ക് പ്രൊഫൈൽ നിരീക്ഷിച്ച് വരികയാണ്. അതേസമയം, കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ 25ഓളം പേർ ചികിത്സയിലാണ്.