കളമശ്ശേരി ദുരന്തം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കളമശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ തൊഴിലാളികളെയും പണിക്കായി നിര്‍ത്തിയതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേരാണ് മരിച്ചത്. ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഏഴ് തൊഴിലാളികളാണ് കുഴിക്കുള്ളില്‍ ഉണ്ടായിരുന്നത്. കുഴിയുടെ വശങ്ങള്‍ നിരപ്പാക്കുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണത്.

ആദ്യം രക്ഷപ്പെടുത്തിയ രണ്ട്് പേരുടെ നില തൃപ്തികരമാണ്. എന്നാല്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദുര്‍ബലമായ മണ്ണിന് മുകളിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിരുന്നത്. പ്രദേശം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യമല്ലെന്നും ആക്ഷേപമുണ്ട്.

Read more

അപകടമുണ്ടായ സ്ഥലത്തെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചിരുന്നു. സുരക്ഷാവീഴ്ച എ.ഡി.എം അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ടിനു ശേഷമേ തുടര്‍ നടപടി തീരുമാനിക്കൂ. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഷംസുദീന്‍ എന്നയാളാണ് നിര്‍മ്മാണത്തിന്റെ സബ് കോണ്‍ട്രാക്ട് എടുത്തിരിക്കുന്നത്.