യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് കല്ലട; പരാതിയുമായി യാത്രക്കാര്‍

ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കല്ലട പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചതായി യാത്രക്കാരുടെ പരാതി. തിരഞ്ഞെടുപ്പിന്റെ തലേന്നു നാട്ടിലേക്കു പുറപ്പെട്ട മലയാളികളാണ് ജീവനക്കാരുടെ മോശം സമീപനം മൂലം ബുദ്ധിമുട്ടിയത്.

ബംഗളൂരുവില്‍ നിന്നു കായംകുളത്തേക്ക് മടങ്ങുകയായിരുന്ന സത്താറിനാണ് മോശം അനുഭവം ഉണ്ടായത്. ഭാര്യാസഹോദരനൊപ്പം സത്താര്‍ നാട്ടിലേക്കു മടങ്ങിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു. എന്നാല്‍ മൈസൂരില്‍ എത്തും മുമ്പ് കല്ലട ബസിന്റെ എസി കേടായി. യാത്രക്കാര്‍ ബഹളമുണ്ടാക്കിയതോടെ വാഹനം നിര്‍ത്തി. മൈസൂരില്‍ എത്തിയാല്‍ പുതിയ ബസില്‍ പോകാമെന്ന് ജീവനക്കാര്‍ പറഞ്ഞതിനാല്‍ അമ്പത് കിലോമീറ്ററോളം വീണ്ടും യാത്രചെയ്തു.

മൈസൂരില്‍ മൂന്നു മണിക്കൂറോളം കാത്തിരുന്നെങ്കിലും രാത്രി ഒമ്പതു മണിയായിട്ടും ബസ് വന്നില്ല. പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും ചെയ്തില്ല. ബസിന്റെ എസി തകരാറിലായെന്നതു ജീവനക്കാര്‍ നുണ പറഞ്ഞതാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. കേരളത്തിലേക്കു കടന്നാല്‍ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് യാത്ര ബോധപൂര്‍വം മുടക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്നു തന്നെ യാത്ര റദ്ദാക്കിയിരുന്നെങ്കില്‍ പണം തിരികെ നല്‍കേണ്ടി വരും എന്നതിനാലാണു യാത്രക്കാരോട് ഈ ക്രൂരത കാണിച്ചെതെന്നുമാണ് ആരോപണം.