കലോത്സവ ഭക്ഷണവിവാദത്തിന് കാരണമായ പോസ്റ്റ് അശോകന്‍ ചരുവില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചു. ഇതോടെ തന്റെ മറുപടി അപ്രസക്തമായെങ്കിലും താന്‍ എഴുതിയ പോസ്റ്റ് നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി അധ്യാപകനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ കുമാര്‍ രംഗത്തെത്തി.
അരുണ്‍ കുമാറിന്റെ കുറിപ്പ്..
പ്രിയപ്പെട്ടവരെ,
കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകന്‍ ചരുവിലിന്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചിത്രമാണ് ഉപയോഗിച്ചതും. ശ്രീ ചരുവില്‍ പ്രസ്തുത പോസ്റ്റ് പിന്‍വലിച്ചതായി കാണുന്നു. അതിനാല്‍ എന്റെ മറുപടിയും അപ്രസക്തമാണ്.
എങ്കിലും ആശയം പ്രസക്തമാകയാല്‍ നിലനിര്‍ത്തുന്നു. ശ്രീ പഴയിടത്തിന്റെ ചിത്രം നീക്കുകയാണ്. വെജിറ്റേറിയന്‍ മെനു കാലോചിതമായി പരിഷ്‌ക്കരിക്കണം എന്നാശയത്തെ ആ ചിത്രം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമര്‍ശം ഉള്‍ക്കൊള്ളുന്നു.
ഭക്ഷണ വിവാദം പഴയിടം മോഹന്‍ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചത്.