കനകമല ഐ. എസ് കേസ്: ഒന്നാം പ്രതിക്ക് 14 വർഷം തടവും 50,000 രൂപ പിഴയും
ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം നടത്താൻ കണ്ണൂരിലെ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ ഹിന്ദി എന്നീ പേരുകളിൽ അറിയപ്പെടുന്ന മന്‍സീദിന് 14 വർഷത്തെ കഠിന തടവാണ് വിധിച്ചത്. മൻസീദിന് 50,000 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.
രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (29)ന് 10 വർഷവും മൂന്നാം പ്രതി കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബുബഷീറിന് (32) ഏഴ് വർഷവുമാണ് തടവ്.നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലന്കണ്ടി വീട്ടിൽ ആമു എന്ന റംഷാദിന് (27) മൂന്ന് വർഷവും അഞ്ചാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്വാന്(33) അഞ്ച് വർഷവുമാണ് തടവുശിക്ഷ.
എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് ലക്ഷ്മിനഗര്‍ കുന്നുമ്മേല്‍ മൊയ്നുദ്ദീന് മൂന്ന് വർഷം തടവ് വിധിച്ചു. കേസിലെ ആറാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാം പ്രതി കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി അഫ്ഗാനിസ്താനിൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 10ാം പ്രതിയും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജാ മൊയ്തീനെതിരെ പ്രത്യേകം കുറ്റപത്രം നൽകിയതിനാൽ വിചാരണ പൂർത്തിയായിട്ടില്ല. ഗൂഢാലോചന, നിരോധിത സംഘടനയെ അനുകൂലിച്ചു എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒന്നുമുതൽ മൂന്നുവരെ പ്രതികൾക്കെതിരെ ഭീകരപ്രവർത്തനത്തിന് പണം സമാഹരിക്കുക, ഭീകരപ്രവർത്തനത്തിന് ആളെ കൂട്ടുക തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. എന്നാൽ, പ്രതികൾക്ക് ഐ.എസുമായി ബന്ധമുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.