കണ്ണൂരിലെ കനകമലയിൽ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസ് ബന്ധമുള്ളവർ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. കേസിലെ ആറാം പ്രതി ജാസിമിനെ വെറുതെ വിട്ടു. കമകമലയില്‍ പിടിയിലായത് തീവ്രവാദി സംഘമെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഏഴ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു. ഇതിനായി കണ്ണൂരിലെ കനകമലയില്‍ രഹസ്യമായി യോഗം ചേര്‍ന്നുവെന്നാണ് കേസ്. കനകമലയില്‍ യോഗം ചേര്‍ന്നവരും സോഷ്യല്‍ മീഡിയവഴി ഇവരുമായി ബന്ധപ്പെട്ടവരും അടക്കം 15 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ എട്ടുപേര്‍ക്കാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയത്. ഒന്നാംപ്രതി കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് മെഹമൂദ് (30), രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (26), മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി (24), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി എന്‍ കെ റംഷാദ് (24), ഒമ്പതാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി സഫ്വാന്‍ (30), 10-ാം പ്രതി കുറ്റ്യാടി നങ്ങീലംകണ്ടി എന്‍ കെ ജാസിം (25), 13-ാം പ്രതി കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി (35) എന്നിവര്‍ക്കെതിരെ ഒരു കുറ്റപത്രവും 11-ാം പ്രതി തിരുനെല്‍വേലി സ്വദേശി സുബ്ഹാനി ഹാജി (31) ക്കെതിരെ മറ്റൊരു കുറ്റപത്രവുമാണ് സമര്‍പ്പിച്ചത്. അതേസമയം, എന്‍ഐഎ അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
1, 2, 3, 4, 9, 10, 13 പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ യുഎപിഎയും ചുമത്തിയിരുന്നു. 11-ാം പ്രതി സുബ്ഹാനി ഹാജിയുടെ നേതൃത്വത്തില്‍ 2016 ഓഗസ്റ്റില്‍ കേരളത്തില്‍ രൂപീകരിച്ച അന്‍സാറുള്‍ ഖിലാഫയുടെ പേരിലാണ് ഇവര്‍ രഹസ്യയോഗം ചേര്‍ന്നത്. ഇയാള്‍ക്കെതിരെയും യുഎപിഎ ചുമത്തിയിരുന്നു.
2016 ജൂണില്‍ അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറി ഐഎസില്‍ ചേര്‍ന്നയാളാണ് സുബ്ഹാനി ഹാജി. ഇയാളെ ഒക്ടോബര്‍ അഞ്ചിനാണ് എന്‍ഐഎ സംഘം പിടികൂടിയത്. തീവ്രവാദസംഘടനയായ ഐഎസിനുവേണ്ടി ഇറാഖില്‍ പോരാട്ടം നടത്തിയ ആളാണ് ഹാജിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.