ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം മജിസ്റ്റീരിയല്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പൊലീസ് നടപടി ന്യായീകരിച്ച ചീഫ് സെക്രട്ടറിയുടെ ലേഖനത്തോടെ ഇതില്‍ വിധിയും പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താചാനലായ ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തിലാണ് കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ ജൂനിയറായ ഉദ്യോഗസ്ഥനാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നതെന്ന് കാനം പറഞ്ഞു. ലേഖനത്തിലൂടെ ചീഫ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് ഒരു സന്ദേശം നല്‍കുകയാണ്. സംഭവത്തില്‍ ഒരു കാര്യവുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് അങ്ങനെ എഴുതി തന്നാല്‍ മതിയെന്നാണ് അതിന്റെ അര്‍ത്ഥം. ഇതോടെ മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ലേഖനം വ്യക്തിപരമാണെങ്കില്‍ അക്കാര്യം കൂടി ലേഖനത്തില്‍ ഉണ്ടാകണമെന്നും കാനം പറഞ്ഞു.
ലേഖനത്തിനു പിന്നില്‍ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്ന കാര്യം സര്‍ക്കാരാണ് അന്വേഷിക്കേണ്ടത്. ചീഫ് സെക്രട്ടറിയുടെ ലേഖനം അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതിലൂടെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളിയിരിക്കുകയാണ് കാനം.