നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ തിരുത്തേണ്ടത് പാലാ ബിഷപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും കാനം വ്യക്തമാക്കി. കേരളത്തെ ഭ്രാന്താലയമാക്കരുത്. സ്പർദ്ധ വളർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എല്ലാവരും ചേർന്നാണ്. കാനം രാജേന്ദ്രൻ പറഞ്ഞു.
‘അദ്ദേഹം മാതൃകയാക്കേണ്ടത് മാര്‍പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞത്. സര്‍വ്വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ്? സര്‍വ്വകക്ഷി യോഗത്തിന് എന്ത് ചെയ്യാന്‍ പറ്റും? എല്ലാവരുംകൂടിയിരുന്ന് ചായ കുടിച്ച് പിരിഞ്ഞാല്‍ മതിയോ? ഒരു ബിഷപ്പിന്റെ പ്രസ്താവനയില്‍ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്. അതിനിപ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ സര്‍ക്കാര്‍ മത,രാഷ്ട്രീയ സംഘടനകളുടെ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നും ആവശ്യപ്പെട്ടിരുന്നു. സര്‍വ്വകക്ഷി യോഗം വിളിക്കാത്തതില്‍ സര്‍ക്കാരിനും സിപിഐഎമ്മിനും കള്ളക്കളിയുണ്ട്. വിഷയത്തില്‍ മന്ത്രി വിഎന്‍ വാസവനും മുഖ്യമന്ത്രിക്കും വ്യത്യസ്ത നിലപാടാണുളളത്. അത് മാറ്റിവെച്ച് കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചാല്‍ അത് സ്വാഗതം ചെയ്യുമെന്ന് സാദിഖ് അലി തങ്ങളും ഇന്ന് പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമാണെന്നും സാദിഖ് അലി പറഞ്ഞു.