കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; റിമാന്റില്‍ കഴിയുന്ന ഭാസുരാംഗന് നെഞ്ച് വേദന; ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി

കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സിപിഐ നേതാവ് എന്‍ ഭാസുരാംഗന് നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന ഭാസുരാംഗന് എറണാകുളം ജയിലില്‍ വച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേ സമയം ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട്ടില്‍ ഇഡി പരിശോധന തുടരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു ഇഡി പരിശോധന ആരംഭിച്ചത്. നേരത്തെ നടത്തിയ പരിശോധനയ്ക്ക് ശേഷം വീട് സീല്‍ ചെയ്തിരുന്നു. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസമാണ് ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും റിമാന്റ് ചെയ്തത്.

ഡിസംബര്‍ 5 വരെയാണ് ഇരുവരെയും കോടതി റിമാന്റ് ചെയ്തത്. എന്നാല്‍ ഭാസുരാംഗന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പ്രതിഭാഗം ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു. ശാരീരിക അവശതകളുണ്ടെങ്കില്‍ ചികിത്സ ഉറപ്പാക്കാമെന്നായിരുന്നു കോടതി അറിയിച്ചത്. കണ്ടല ബാങ്കില്‍ നടന്നത് സംഘടിത കുറ്റകൃത്യമാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ നിസഹരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകളും ലഭിച്ചിട്ടില്ലെന്നാണ് ഇഡി നല്‍കിയ റിപ്പോര്‍ട്ട്.