കണ്ടല ബാങ്കിലെ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ്; കള്ളപ്പണം വെളിപ്പിക്കല്‍; മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്‍ ഇഡി കസ്റ്റഡിയില്‍

തിരുവനന്തപുരത്തെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. സിപിഐയുടെ മുതിര്‍ന്ന നേതാവായ എന്‍. ഭാസുരാംഗനെയാണ് ഇഡി കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് നിരവധി പരാതികള്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് ഭാസുരാംഗനെ രഹസ്യകേന്ദ്രത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് മില്‍മയുടെ വണ്ടിയിലാണ് ഭാസുരാംഗനെ ബാങ്കിലെത്തിച്ചത്.

ഭാസുരാംഗന്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡന്റായിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതോടെ അടുത്തിടെയാണ് ഭരണസമിതി രാജിവച്ചത്. നിലവില്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്.

ഭാസുരാംഗന്‍ തന്നെ പ്രസിഡന്റായ മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു നിയമം ലംഘിച്ച് വായ്പയായും ഓഹരി വാങ്ങിയും കോടികള്‍ നല്‍കിയെന്നും കണ്ടെത്തി. ഭരണസമിതിയിലെ പ്രമുഖരുടെ ബന്ധുക്കള്‍ക്കു നിസാര ഈടിന്മേല്‍ ഭീമമായ തുക വായ്പ നല്‍കിയശേഷം വന്‍ പലിശയ്ക്ക് അതേ പണം തന്നെ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു.

പണം തിരികെക്കിട്ടാതെ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ സമരം തുടര്‍ച്ചയായതോടെയാണു ഭരണസമിതി നിവൃത്തിയില്ലാതെ രാജിവച്ചത്. അനധികൃത നിയമനം, സ്ഥാനക്കയറ്റം, ആനുകൂല്യ വര്‍ധന എന്നിവ വഴിയും കോടികളുടെ നഷ്ടമുണ്ടാക്കി. വിവിധ പേരുകളില്‍ നിയമവിരുദ്ധ നിക്ഷേപ ഇരട്ടിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു പണം സ്വീകരിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാത്രി വൈകി ഭാസുരാംഗനെ വീട്ടിലെത്തി തെളിവെടുത്തശേഷം ഇഡിയുടെ ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയി.