കാസര്‍ഗോഡ് കാഞ്ഞങ്ങാട് ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായ വീട്ടമ്മക്ക് നഷ്ടപരിഹാരമായി ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്ത് നല്‍കി കോടതി. 28 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി വിധി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് വീട്ടമ്മയുടെ കാഴ്ച നഷ്ടമായത്.
ചെറുവത്തൂര്‍ സ്വദേശി കമലാക്ഷി നല്‍കിയ ഹര്‍ജിയിലാണ് ഹൊസ്ദുര്‍ഗ് സബ് കോടതി വാഹനം ജപ്തി ചെയ്ത നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിട്ടത്. 1995ല്‍ ഫയല്‍ ചെയ്ത കേസില്‍ 2018ല്‍ 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു. ഒരു വര്‍ഷത്തിന് ശേഷവും വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് 2019ല്‍ കമലാക്ഷി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഈടായി വച്ചത് ജില്ലാ ആശുപത്രിയിലെ വാന്‍ ആയിരന്നു. അപ്പീല്‍ തള്ളിയതോടെ വാഹനം കഴിഞ്ഞ മാസം ജപ്തി ചെയ്ത് പരാതിക്കാരിക്ക് നല്‍കാന്‍ കോടതി ഉത്തരവ് വന്നു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹനത്തിന്റെ മൂല്യ നിര്‍ണയത്തില്‍ 30,000 രൂപ മാത്രമാണ് വാഹനത്തിന്റെ മൂല്യമെന്ന് അറിയിച്ചു.
Read more
ഇതേ തുടര്‍ന്നാണ് കോടതി ആര്‍ഡിഒയുടെ വാഹനത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചത്. പലിശ അടക്കം എട്ടു ലക്ഷം രൂപയാണ് കമലാക്ഷിക്ക് ലഭിക്കാനുള്ളത്. കോടതി ജീവനക്കാര്‍ വാഹനം ജപ്തി ചെയ്യാന്‍ എത്തിയെങ്കിലും വാഹനം ഓഫീസില്‍ ഇല്ലാത്തതിനാല്‍ നടപടിക്രമം പൂര്‍ത്തിയായില്ല. തുടര്‍ന്ന് കോടതി വാഹനം എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു.