ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലടക്കമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പട്ടിക പുറത്തു വന്നപ്പോള്‍ അതുവരെ പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത്. ഇടതു സ്ഥാനാര്‍ത്ഥിയായി പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡനുമാണ് എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ നേരത്തെ തന്നെ കണ്ണന്താനത്തിന്റെ പേര് ബിജെപി പരിഗണിച്ചിരുന്നെങ്കിലും പത്തനംതിട്ടയ്ക്കായി അദ്ദേഹം പിടിവാശി പിടിച്ചിരുന്നു.
പത്തനംതിട്ടയില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നു വരെയായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്. എന്നാല്‍, പട്ടിക പുറത്തിറക്കിയപ്പോള്‍ കണ്ണന്താനം തന്നെ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി! എന്നാല്‍, എന്നെ സ്ഥാനാര്‍ത്ഥിയാക്കരുതേ എന്നും, എന്നെ പരിഗണിക്കരുതേ എന്നും താന്‍ കെഞ്ചിപ്പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
തന്റെ പേര് പരിഗണിക്കുമ്പോള്‍ തന്നെ താന്‍ അവരോട് കെഞ്ചിപ്പറഞ്ഞു. തന്നെ പരിഗണിക്കരുത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കരുത്. എന്നാല്‍, ഞാന്‍ മത്സരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതിനാലാണ് എറണാകുളത്ത് നില്‍ക്കാന്‍ സമ്മതിച്ചത്. പത്തനംതിട്ട ലഭിക്കാത്തതില്‍ നിരാശയില്ലെന്നും വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.