ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ രംഗത്ത്. പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു പറഞ്ഞു. പ്രിൻസിപ്പലുമാർക്കുള്ള പോർട്ടലിൽ പരീക്ഷാഫലം ഉച്ചക്ക് രണ്ടരക്ക് വന്നു എന്നും അത് ഡൗലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകുക ആയിരുന്നു എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് ടെസ്റ്റ് ആണെന്നും ഫലം പുറത്തുവിടരുതെന്നും രജിസ്ട്രാർ പറഞ്ഞത് 4 മണിക്ക് ആണെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞ ആരോപണം.
പരീക്ഷ കഴിഞ്ഞ് റെക്കോഡ് വേഗത്തിൽ ഫലം പുറത്തുവിടുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം ആണ് സർവകലാശാല ഇന്നലെ പുറത്തുവിട്ടത്. എന്നാൽ ഔദ്യോഗിക ഫലം പുറത്തുവിടുന്നതിന് മുമ്പ് തന്നെ പ്രിൻസിപ്പാളുമാരുടെ ഓൺ ലൈൻ പോർട്ടലിൽ വന്ന ഫലം കുട്ടികൾക്ക് കിട്ടി. ഇത് പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. എന്തായാലും കാര്യങ്ങൾ കൈവിട്ട് പോയതോടെ ഔദ്യോഗികമായി 6 മണിക്ക് കണ്ണൂർ സർവകലാശാല ഫലം പുറത്തുവിട്ടു.
19 ന് വൈകീട്ട് 6 മണിക്ക് തുടങ്ങി രാത്രിക്ക് ഉള്ളിൽ ഫലം പുറത്തുവിടാനാണ് സർവകലാശാല ഉദ്ദേശിച്ചത്. എന്നാൽ ഇതിന് കുറച്ച് മുൻപ് ടെസ്റ്റിംഗിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമാക്കിയിരുന്നു. ആ ഫലമാണ് ഇപ്പോൾ ചോർന്നതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കണ്ണൂർ സർവകലാശാല ചാൻസലർ സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.