രാജി വെയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍. താന്‍ രാജിവയ്ക്കില്ലെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ പിരിച്ചുവിടാമെന്ന് ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.
കോടതി പറഞ്ഞാല്‍ രാജിവയ്ക്കാം. രാജി കൊടുത്തില്ലെങ്കില്‍ എന്താണ് നടപടി സ്വീകരിക്കുകയെന്ന് നോക്കട്ടെ. ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാം. പക്ഷെ അതിന് മാനദണ്ഡങ്ങളുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണറുടെ നടപടി ഖേദകരവും നിര്‍ഭാഗ്യകരവുമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമം. തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൂട്ടായി ആലോചിക്കുമെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി.
ഒന്‍പത് വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനുള്ള നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചഅഅഇന്റെ പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നേടിയിട്ടുള്ള ഗ്രേഡുകള്‍ ഇതാണ് കാണിക്കുന്നത്. ‘ ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് സിപിഐഎം വ്യക്തമാക്കി.