കരമനയില്‍ യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി കിരണ്‍ കൃഷ്ണയാണ് കേസില്‍ പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതികളായ അഖില്‍, വിനീത്, സുമേഷ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.
കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഖിലിനെ വെട്ടി വീഴ്ത്തിയ ശേഷം കൊലയാളി സംഘം ദേഹത്ത് കല്ലെടുത്തിടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഖിലിനെ കൊലപ്പെടുത്തിയവര്‍ കരമന അനന്തു വധക്കേസിലും ഇവര്‍ പ്രതികളാണ്.
ഇന്നലെ രാത്രിയായിരുന്നു തലസ്ഥാനത്തെ നടുക്കിയ ക്രൂര കൊലപാതകം. കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അഖിലിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞയാഴ്ച ബാറില്‍ വെച്ച് അഖിലും കുറച്ചാളുകളുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.