നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാല്‍ തന്നെ ജേതാവ്; വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി

നെഹ്‌റു ട്രോഫി വള്ളം കളി വിവാദത്തില്‍ കാരിച്ചാല്‍ തന്നെ ജേതാവെന്ന് അന്തിമ ഫലം. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി അറിയിച്ചു. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ അപ്പീൽ തള്ളിയാണ് ജൂറി കമ്മിറ്റി വിധി. അതേസമയം അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് വീയപുരം ചുണ്ടന്റെ തീരുമാനം.

ഇക്കഴിഞ്ഞ ദിവസം നടന്ന നെഹ്‌റു ട്രോഫി വള്ളം കളി ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനായിരുന്നു വിജയിച്ചത്. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പരാതിയും തള്ളി. കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ കൈനകരി വില്ലേജ് ബോട്ട് ക്ലബും കുമരകം ടൗണ്‍ ബോട്ട് ക്ലബുമാണ് പരാതി നല്‍കിയിരുന്നത്.

കൂടിയാലോചനകളില്ലാതെ തിടുക്കത്തില്‍ ഫലം പ്രഖ്യാപിച്ചു എന്നായിരുന്നു വിബിസിയുടെ പരാതി. സ്റ്റാര്‍ട്ടിങ്ങിലെ പിഴവ് കാരണം തങ്ങള്‍ക്ക് ട്രോഫി നഷ്ടമായി എന്നാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ആക്ഷേപം. കൈനകരി വില്ലേജ് ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ് , ചുണ്ടന്‍വള്ള സമിതി പ്രതിനിധികള്‍ എന്നിവരില്‍ നിന്ന് അപ്പീല്‍ കമ്മിറ്റി പരാതിക്കാധാരമായ തെളിവുകളും ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. അമ്പയര്‍മാര്‍, ജഡ്ജസ്, സ്റ്റാര്‍ട്ടര്‍മാര്‍, സംഘാടക സമിതി പ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായങ്ങളും തേടിയിരുന്നു.

Read more