വര്‍ഗീയ കാര്‍ഡ് കൊണ്ട് എല്ലാം നേടാന്‍ കഴിയില്ല; കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തി പ്രാപിക്കുന്നു; കര്‍ണാടക വിജയത്തില്‍ ഡി.കെയെ അഭിനന്ദിച്ച് മുസ്ലിം ലീഗ്

വര്‍ഗീയ കാര്‍ഡ് കൊണ്ട് എല്ലാം നേടാന്‍ കഴിയുമെന്ന ബിജെപിയുടെ ആശയത്തിനും തന്ത്രത്തിനും ഏറ്റ തിരിച്ചടിയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ബിജെപിയില്ലന്ന സ്ഥിതിയായി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ബിജെപിയെ ചെറുക്കുന്ന നിലപാടും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിഫലനം ഇനി ഇന്ത്യ ഒട്ടാകെ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും പ്രചാരകരും വക്താക്കളുമായ ബി.ജെ.പി യെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് നേരിട്ടത്. നാടിന്റെ വികസനവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം വര്‍ഗീയതയുടെയും, വെറുപ്പിന്റെയും രാഷ്ട്രീയമാണ് ബി. ജെ. പി ആയുധമാക്കിയത്. അതിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ വികസനക്കാഴ്ചപ്പാടുള്ള, മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയം ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം നമ്മോട് വെളിവാക്കുന്നത്.

മുസ്ലിം സംവരണമടക്കമുള്ള ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പെടുത്താന്‍ കോണ്‍ഗ്രസ് കാണിച്ച തന്റേടവും മതേതര ഇന്ത്യ വലിയ പ്രതീക്ഷയോടെ ആണ് നോക്കിക്കണ്ടത്.

കര്‍ണാടകയിലെ ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ നടക്കുന്ന പ്രതിപക്ഷ ഐക്യനിരക്ക് വലിയ ഊര്‍ജ്ജം പകരുമെന്നത് ഉറപ്പാണ്. അധികാരത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിയ ബി. ജെ. പിക്കെതിരെ ഡി.കെ യുടെ നേതൃത്വത്തില്‍ ചിട്ടയായും, ഒറ്റക്കെട്ടായും കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണിതെന്ന് എടുത്ത് പറയേണ്ടതാണ്.

Read more

മുസ്ലിം ലീഗ് പാര്‍ട്ടി ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു സീറ്റില്‍ പോലും മത്സരിക്കാന്‍ തുനിയാതെ കോണ്‍ഗ്രസിന് എല്ലാ തരത്തിലുമുള്ള ശക്തമായ പിന്തുണ നല്‍കിക്കൊണ്ട് കൂടെ നിന്നിരുന്നു എന്നതിന്റെ ചാരിതാര്‍ഥ്യം കൂടി ഈ വിജയത്തിലുണ്ട്. ആത്യന്തികമായി ഇന്ത്യയുടെ മനസ്സ് മതേതരമാണെന്ന് ഈ തിരഞ്ഞെടുപ്പ് അടിവരയിടുന്നു. ആ ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ എന്ന് കര്‍ണാടകയിലെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു.
ഈ വിജയത്തില്‍ നമുക്ക് ആഹ്ളാദിക്കാം. കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തി പ്രാപിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഫലമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വോട്ടുകള്‍ ഏകീകരിക്കുന്ന ഒരു സ്ഥിതി കര്‍ണാടകയില്‍ കാണുകയുണ്ടായി. ഇത് നല്ല ഒരു സൂചനയാണ് തങ്ങള്‍ പറഞ്ഞു.