കാരുണ്യ ബെനവലെൻറ് ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്തരിച്ച മുൻ ധനകാര്യമന്ത്രി കെ.എം മാണിക്കും ക്ലീൻചിറ്റ്. കാരുണ്യ ലോട്ടറിയിൽ നിന്നും പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാപദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ടും സി.എ.ജി റിപ്പോർട്ടും തിരുവനന്തപുരം വിജിലൻസ് കോടതി അംഗീകരിച്ചു. ഉമ്മൻചാണ്ടിയും കെ.എം മാണിയും അഴിമതി നടത്തിയെന്ന കേസ് കോടതി തള്ളി. സി.എ.ജി റിപ്പോർട്ട് കോടതി പരിശോധിച്ചിരുന്നു. അഴിമതിയില്ലെന്ന വിജിലൻസിൻറെ കണ്ടെത്തലിന് സമാനമായിരുന്നു സി.എ.ജിയുടെയും കണ്ടെത്തൽ.
കാരുണ്യ ലോട്ടറിയുടെ മൊത്തവരുമാനം ചികിത്സാ സഹായമായി നൽകിയില്ലെന്നും സഹായം കൂടുതൽ അനർഹർക്ക് നൽകിയെന്നും ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ക്രമക്കേട് നടത്തി തുടങ്ങിയ പരാതികളിൽ ആണ് വിജിലൻസ് പരിശോധന നടത്തിയത്. എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഉമ്മൻ ചാണ്ടി, കെ.എം മാണി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാഷു കുമാർ, എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് അന്വേഷണം.