കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 26,000 പേജുള്ള കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് നല്‍കുക അസാധ്യം; പ്രതികള്‍ക്ക് ഡിജിറ്റലായി നല്‍കാമെന്ന് ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ഡിജിറ്റല്‍ കുറ്റപത്രം നല്‍കാന്‍ കോടതിയില്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന പ്രതികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇഡി ഡിജിറ്റല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയില്‍ അനുമതി തേടിയത്. കലൂരിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയത്.

കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് നല്‍കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ സൂചിപ്പിക്കുന്നു. മൊഴികളും തെളിവുകളും ഉള്‍പ്പെടെ 26,000ല്‍ അധികം പേജുകളുള്ളതാണ് കുറ്റപത്രം. ഇത്രയും ബൃഹത്തായ കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് നല്‍കുന്നത് സാങ്കേതികമായി അസാധ്യമാണ്.

കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് കേസിലെ 55 പ്രതികള്‍ക്കും നല്‍കുന്നതിന് 14 ലക്ഷം പേപ്പറും 12 ലക്ഷം രൂപയും ആവശ്യമായി വരുമെന്ന് ഇഡി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു. കുറ്റപത്രം ഡിജിറ്റലായി നല്‍കുന്നത് വഴി നൂറിലേറെ മരങ്ങള്‍ സംരക്ഷിക്കാമെന്നും ഇഡി അപേക്ഷയില്‍ സൂചിപ്പിക്കുന്നു.