കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവരങ്ങള്‍ തേടി ഹൈക്കോടതി. ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
ജസ്റ്റിസ് ടി.ആര്‍ രവിയാണ് ഉത്തരവിട്ടിരിക്കുന്നത്. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബാങ്കിലെ നിക്ഷേപങ്ങളില്‍ നിന്നും ഭരണസമിതി അംഗങ്ങള്‍ 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്. തട്ടിയെടുത്ത തുക റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപിച്ചതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം നിക്ഷേപകര്‍ക്ക് പണം നല്‍കാനായി പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു ഉറപ്പ് നല്‍കി. ഇതിനായി ബാങ്കിന് 2500 കോടി രൂപ അനുവദിക്കുമെന്നും അറിയിച്ചു. അതിനിടെ സിപിഎം അറിയാതെ തട്ടിപ്പ് നടക്കില്ലെന്ന് കേസിലെ ഒന്നാം പ്രതിയുടെ അച്ഛന്‍ ആരോപിച്ചു.