എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്; സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ച ഹാജരാക്കാനാണ് ഇഡിയുടെ നിര്‍ദേശം. കുടുംബത്തിന്റെ ഉൾപ്പെടെ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാണ് നിർദ്ദേശം.

കേസിൽ എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാനും നീക്കമുണ്ട്. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. കഴിഞ്ഞ മാസം 29ന് എംകെ കണ്ണന്‍ ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു.

എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ എംകെ കണ്ണന്‍ നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും വരുമെന്നും കണ്ണന്‍ വിശദമാക്കിയിരുന്നു.

Read more

അതേസമയം സഹകരണ മേഖലയിലെ തട്ടിപ്പുകൾക്കെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്നു നടക്കും. ഉച്ചയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര തൃശൂർ സഹകരണ ബാങ്ക് പരിസരത്ത് സമാപിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂർ വിവാദത്തെ പ്രചാരണ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.