കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഎം നേതാവ് ജി സുധാകരന്റെ തുറന്ന് പറച്ചില്‍. തട്ടിപ്പ് കണ്ടെത്തി കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു. കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദേഹം പറഞ്ഞു.
തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസ്സമില്ല. എംകെ കണ്ണന്‍ കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നടിച്ചു.
അതേസമയം, കരുവന്നൂര്‍ ബാങ്കിലെ ബിനാമി വായ്പ തട്ടിപ്പിലൂടെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്ന കേസിലെ പ്രതികളുടെ തൃശൂര്‍ സര്‍വീസ് സഹകരണബാങ്കിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ സിപിഎം നേതാവ് എം.കെ.കണ്ണന്‍ മറച്ചുവയ്ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരോപിച്ചു.
കണ്ണന്റെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ക്കു പുറമേ തൃശൂര്‍ ബാങ്കുമായി ബന്ധപ്പെട്ടു കരുവന്നൂര്‍ കേസിലെ ഒന്നാം പ്രതി പി.സതീഷ്‌കുമാര്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഒന്നാംഘട്ട ചോദ്യം ചെയ്യലില്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ അനുവദിച്ച അവസാന ദിവസമായ ഇന്നലെ പാന്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക് പാസ്ബുക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ രേഖകളും മാത്രമാണു പ്രതിനിധി കൈവശം കണ്ണന്‍ കൊടുത്തുവിട്ടത്.
തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പി.സതീഷ്‌കുമാറിന് എത്ര നിക്ഷേപമുണ്ടെന്ന വിവരം പോലും എം.കെ.കണ്ണന്‍ കൈമാറുന്നില്ല. ബാങ്കിന്റെ നയം അനുസരിച്ച് ഇത്തരം വിവരങ്ങള്‍ ഇ.ഡിക്കു കൈമാറാനുള്ള ബാധ്യത ബാങ്ക് പ്രസിഡന്റിനില്ലെന്നാണു വിശദീകരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനാല്‍ ആദ്യദിവസം ചോദ്യം ചെയ്യല്‍ നിര്‍ത്തി കണ്ണനെ വിട്ടയക്കുകയായിരുന്നു. ഇ.ഡി. പ്രധാനമായും ആവശ്യപ്പെട്ട രേഖകളൊന്നും ഇന്നലെ വരെ കൈമാറിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.