കരുവന്നൂർ കള്ളപ്പണക്കേസിൽ അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടിആർ രാജനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
കരുവന്നൂർ കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷന് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ രണ്ട് അക്കൗണ്ടുകളുണ്ട്. ഇക്കാര്യം നേരത്തേ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലനിൽക്കെയാണ് ഇഡി നടപടി. അരവിന്ദാക്ഷന്റെ അമ്മയായ ചന്ദ്രമതിക്ക് പകരം മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ഇഡി കോടതിയിൽ നൽകിയതെന്ന് ആക്ഷേപമുയർന്നിരുന്നു.
അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന്‍റെ പ്രതിനിധികൾ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരുന്നു. എംകെ കണ്ണന്‍റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ ഇഡി ആവശ്യപ്പെട്ടതനിസരിച്ചാണ് നടപടി.