കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ അന്വേഷണം സിപിഎം അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ച് ഇഡി. തൃശൂര്‍ സിപിഎം ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ 1ന് നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത തൃശൂര്‍ സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസിനെ ഡിസംബര്‍ 1ന് വീണ്ടും ചോദ്യം ചെയ്യും. അതേ ദിവസം തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
സിപിഎം ജില്ലാ കമ്മിറ്റിയ്ക്ക് കള്ളപ്പണ ഇടപാടില്‍ ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്നാണ് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. അതേ സമയം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രമക്കേട് ആരോപണം ഉയര്‍ന്ന കാലത്ത് എംഎം വര്‍ഗീസ് സെക്രട്ടറിയായിരുന്നില്ല. എന്നാല്‍ ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും എതിരെ നടപടികളുണ്ടായത് വര്‍ഗീസ് സെക്രട്ടറിയായിരിക്കുമ്പോഴാണ്.
കേസില്‍ മുന്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ബേബി ജോണ്‍, മുന്‍ മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരെയും ചോദ്യം ചെയ്യും. പാര്‍ട്ടിയ്ക്കും ഉന്നത നേതാക്കള്‍ക്കും തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്ന് ഇഡി നേരത്തെ ആരോപിച്ചിരുന്നു.
പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കും പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലേക്കും കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സ്ഥാപനമായ ദേവി ഫിനാന്‍സിയേഴ്‌സില്‍ നിന്ന് പണം അയച്ചിട്ടുള്ളതായി പിആര്‍ അരവിന്ദാക്ഷനും ജിജോറും മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി അക്കൗണ്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.