കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ മൂന്നു പേർ സി പി എം അംഗങ്ങളെന്ന് വിവരം. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും.
കരുവന്നൂർ സഹകരണ ബാങ്കിൽ നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൻ്റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
അതേസമയം ബാങ്ക് തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഇഡിയുടെ പ്രാഥമികവിവരശേഖരണം പൂര്‍ത്തിയായി. തട്ടിച്ചെടുത്ത പണം ചെലവഴിച്ചതും അന്വേഷിക്കും.