കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലിലായ പിആര്‍ അരവിന്ദാക്ഷനെയും ജിന്‍സനെയും അടിയന്തരമായി ജയില്‍ മാറ്റാന്‍ കോടതി ഉത്തരവ്. എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാനാണ് എറണാകുളം പിഎംഎല്‍എ കോടതി ഉത്തരവിട്ടത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ് കുമാര്‍ കഴിയുന്ന ജില്ലാ ജയിലിലേക്കാണ് അരവിന്ദാക്ഷനെ ജയില്‍ വകുപ്പ് മാറ്റിയത്.
ജയില്‍ വകുപ്പിന്റെ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇഡി ആരോപിച്ചതിനെ തുടര്‍ന്നാണ് കോടതി ഇരുവരെയും ജയില്‍ മാറ്റാന്‍ ഉത്തരവിട്ടത്. സതീഷ് കുമാറിനും അരവിന്ദാക്ഷനും നേരില്‍ കാണാന്‍ അവസരമൊരുക്കിയത് അന്വേഷണം അട്ടിമറിക്കാനെന്നായിരുന്നു ഇഡി കോടതിയില്‍ ആരോപിച്ചത്. അരവിന്ദാക്ഷനെ ജില്ലാ ജയിലിലേക്ക് മാറ്റിയ സൂപ്രണ്ടിനെതിരെ ഇഡി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.
Read more
അതേ സമയം തടവുകാരുടെ എണ്ണം അധികമായതിനാലാണ് ഇരുവരെയും മാറ്റിയതെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വാദം. കോടതിയെയോ ഇഡിയെയോ അറിയിക്കാതെയാണ് ജയില്‍ വകുപ്പിന്റെ നടപടി ഉണ്ടായത്. കഴിഞ്ഞ 29ന് ആയിരുന്നു ജയില്‍ വകുപ്പ് പ്രതികളെ ജയില്‍ മാറ്റിയത്. 60 തടവുകാരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 110 തടവുകാര്‍ ഉണ്ടായിട്ടും അരവിന്ദാക്ഷനെയും ജിന്‍സനെയും മാത്രമാണ് ജയില്‍ മാറ്റിയിരുന്നത്.