കരുവന്നൂർ ബാങ്കിൽ ഇടപാടുകൾക്കായി ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം; പണം കണ്ടെത്താൻ സ്വർണപ്പണയ വായ്പകൾ തിരിച്ചു പിടിക്കും

കോടികളുടെ വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഇടപാടുകൾക്കായി ഇനി ബാക്കി ഉള്ളത് 25 ലക്ഷം രൂപ മാത്രം. പണം കണ്ടെത്താൻ സ്വർണ്ണപ്പണയ വായ്പകൾ തിരിച്ചു പിടിക്കാൻ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതി നടപടികൾ തുടങ്ങി. മുപ്പത് പേർക്ക് പതിനായിരം രൂപ വീതമാണ് പ്രതിദിനം ബാങ്കിൽ നിന്ന് നൽകുന്നത്. ഇങ്ങനെ നൽകാൻ ഇനി 25 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്

ബാങ്കിന് കീഴിലെ സൂപ്പർമാർക്കറ്റുകളിലെ വരുമാനം കൊണ്ടാണ് നിലവിൽ പണമിടപാടുകൾ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മാപ്രാണം, കരുവന്നൂർ എന്നിവിടങ്ങളിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിലെ വരുമാനത്തിലൂടെയാണ് ഇടപാടുകൾക്ക് പണം കണ്ടെത്തുന്നത്. കൂടുതൽ പണം കണ്ടെത്താൻ കുടിശ്ശിക വരുത്തിയ സ്വർണ്ണപ്പണയ വായ്പകൾ തിരിച്ചു പിടിക്കാനാണ് തീരുമാനം. ഇതിന്റെ രേഖകൾ പരിശോധിച്ചു വരികയാണ് അഡ്മിനിസ്ട്രേറ്റീവ് സമിതി.

Read more

ചുമതലയേറ്റ ഭരണസമിതി അംഗങ്ങളെ നേരിൽക്കണ്ട് പരാതി നൽകാൻ നിരവധി പേരാണ് ബാങ്കിലെത്തുന്നത്. ചട്ടം ലംഘിച്ച് നൽകിയ വായ്പകളുടെ രേഖകൾ അഡ്മിനിസ്ട്രേറ്റീവ് സമിതി പരിശോധിച്ചിട്ടില്ല. ബാങ്കിന്റെ പ്രവർത്തനം പഴയപടിയാക്കുന്നതിനാണ് പ്രഥമ പരിഗണന. പിന്നീട് ഭൂമിയിടപാടുകൾ പരിശോധിക്കാനാണ് തീരുമാനം.