നേതാക്കളെ ഒറ്റുകൊടുക്കരുത്; പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്; കരുവന്നൂര്‍ കേസില്‍ പ്രവര്‍ത്തകര്‍ക്ക് താക്കീതുമായി എംവി ഗോവിന്ദന്‍

കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണെന്നും പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

വേണ്ട രീതിയില്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്തില്ലെന്നു മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരവും ഉണ്ടായില്ലെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. കരുവന്നൂരിനൊഴികെ മറ്റു ബാങ്കുകള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നിന്ന് ഗോവിന്ദന്‍ വിശദീകരണം തേടി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. എ.സി. മൊയ്തീനെതിരെ ഉണ്ടായ ഇ.ഡി അന്വേഷണം ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകും.

Read more

കരുവന്നൂര്‍ വിഷയത്തില്‍ ബി.ജെ.പി.യും സമാനകക്ഷികളും നടത്തുന്ന പ്രചാരണത്തിനെതിരേ പൊതുയോഗങ്ങളും കാമ്പയിനും നടത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന് പകരം പുതിയ ആളുടെ നിയമനമടക്കമുള്ളവ അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്.