കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, കൗൺസിലർ പികെ ഷാജൻ എന്നിവർ ഇന്ന് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെയാണ് ഇഡിയുടെ നടപടി.
എംഎം വർഗീസ് സ്ഥാനാർഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്നു നിരീക്ഷിച്ചാണ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇഡി വ്യക്തമാക്കിയത്. എംഎം വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ എന്നിവയ്ക്കു റിപ്പോർട്ട് നൽകിയിരുന്നു.
Read more
ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിനെയും മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി കണ്ടെത്തൽ. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർഗീസിൽ നിന്ന് ഇഡി തേടുന്നത്. ബാങ്കിൽ നടന്ന ബിനാമി വായ്പകളുടെ കമ്മീഷൻ ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നും ഇഡി വിശദീകരിക്കുന്നു. കരുവന്നൂർ ക്രമക്കേടൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായാരുന്നു ഇന്ന് ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള കൗൺസിലർ പികെ ഷാജൻ.