'ജീവിക്കാന്‍ അനുവദിക്കുന്നില്ല'; യുവതിയെ കഴുത്തറുത്ത് കൊന്ന് പൊലീസില്‍ കീഴടങ്ങി യുവാവ്

യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കര്‍ (34) ആണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ കീഴടങ്ങിയത്.

ലോഡ്ജ് മുറിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്ന് പറഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനിലെത്തിയത്. ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പറഞ്ഞ സതീഷ് മുറിയുടെ താക്കോലും പൊലീസിന് കൈമാറി.

ഉടന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും പൊലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോള്‍ ദേവിക രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കിടക്കുന്നതാണ് കണ്ടത്. കാസര്‍ഗോഡ് ‘മൈന്‍’ എന്ന ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന സതീഷും ഒമ്പത് വര്‍ഷത്തോളമായി പരിചിതരാണ്.

ഒന്നര മാസത്തോളമായി സതീഷ് ലോഡ്ജില്‍ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്ക് പോയി 11 മണിയോടെയാണ് ദേവികയെ ഭാര്യയാണെന്ന് പറഞ്ഞ് കൊണ്ടുവന്നത്.

Read more

ഉച്ചയ്ക്ക് 2.45-ഓടെ സതീഷ് ഭാസ്‌കര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.